ദളിത് രാഷ്ട്രീയം

Mar 29, 2017 06:30 PM

ന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ ധാരകളിലൊന്നാണ് ദളിത് രാഷ്ട്രീയം. ജോതി ബാ ഫുലെ മുതൽ ആരംഭിച്ച ഈ സംഘടിത മുന്നേറ്റങ്ങൾ അംബേദ്കറിലൂടെ വ്യക്തമായ ദിശാ ബോധം നേടുകയും സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യ സമരത്തെ സാമൂഹിക നീതിക്ക് കൂടി വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റുകയും ചെയ്തു. 1920 വരെയെങ്കിലും ഉപരിവർഗ്ഗ - വരേണ്യ ജാതി വിഭാഗങ്ങളുടെ വിലപേശൽ പ്രസ്ഥാനമായി വർത്തിച്ച കോൺഗ്രസ് ഒരു വിപുലമായ ജനകീയ പ്രസ്ഥാനമായി  മാറിയത് സാമൂഹികമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ തുല്യതക്കും സാമൂഹിക നീതിക്കുമായുള്ള പോരാട്ടത്തെ ഈ സ്വാതന്ത്ര്യ സമരവുമായി കണ്ണി ചേർത്തപ്പോൾ മാത്രമാണ്. അതായത് ഇന്ത്യൻ സ്വാതന്ത്ര്യ സമരമെന്നത് സാമ്രാജ്യത്വ വിരുദ്ധതയുടെയും സാമൂഹിക നീതിയുടെയും രണ്ട് ധാരകളെ ഉൾച്ചേർത്തതായിരുന്നു. ഇതിൽ ഒന്നാമത്തെ ധാര ഏതാണ്ട് സാർവത്രിക സ്വീകാര്യത ഉള്ളതായിരുന്നെങ്കിൽ രണ്ടാമത്തെ ധാര സംഘർഷങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും വിളനിലമായിരുന്നു. സാമൂഹിക വിപ്ലവ മുന്നേറ്റം ആരംഭിച്ച ഘട്ടത്തിൽ തന്നെ അതിനെതിരായ പുനരുത്ഥാനവാദ മുന്നേറ്റങ്ങളും ആരംഭിച്ചത് യാദൃശ്ചികമല്ല. വ്യവസ്ഥയും ഭരണഘടനയും സമ്പൂർണ തുല്യത വാഗ്ദാനം ചെയ്യുകയും സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും അസമത്വവും അനീതിയും നിലനിൽക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ ഭാഗം - സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം - വിജയത്തിലെത്തുന്നത്. സാമൂഹിക നീതിക്കായുള്ള രണ്ടാമത്തെ ഭാഗം കോൺഗ്രസ്സ് ഭരണകൂടം ഏറ്റെടുക്കുമെന്നും നെഹ്രൂവിയൻ സോഷ്യലിസ്റ്റ് മാതൃക ഈ ലക്ഷ്യം സാക്ഷാത്കരിക്കുമെന്നുമുള്ള പ്രതീക്ഷകൾ എഴുപതുകളുടെ തുടക്കത്തിൽ തന്നെ തകർന്നു. കോൺഗ്രസ്സിന്റെ പ്രഖ്യാപിത നയമായിരുന്ന ഭൂപരിഷ്കരണ നടപടികൾ നടപ്പാക്കാനോ , ഭരണ വ്യവസ്ഥയുടെ വരേണ്യജാതി പിടി മോചിപ്പിക്കാനോ നടപടികളുണ്ടായില്ല , മറിച്ച് അറുപതുകളിലെ ഹരിതവിപ്ലവമുൾപ്പെടെയുള്ള നടപടികൾ ഭൂവുടമാ വിഭാഗങ്ങളെ കൂടുതൽ ശക്തരാക്കുകയും അടിസ്ഥാന വിഭാഗങ്ങളെ കൂടുതൽ അന്യവത്കരിക്കുകയും ചെയ്തു. ഇതിനെതിരായ ചെറുത്തു നില്പുകളെ കീഴാവെണ്മണി പോലുള്ള അതിക്രമങ്ങൾ കൊണ്ടാണ് ഭൂവുടമാ ജന്മി വിഭാഗങ്ങൾ നേരിട്ടത്. 

നെഹ്രൂവിയൻ സോഷ്യലിസ്റ്റ് മാതൃകയുടെയും , സാമൂഹിക വിപ്ലവ വാഗ്ദാനത്തിന്റെയും പരാജയമാണ് എഴുപതുകളിൽ ദളിത് സ്വത്വവാദ പ്രസ്ഥാനങ്ങൾക്ക് പുത്തനുണർവ് നൽകിയത്. ആഗോളതലത്തിൽ തന്നെ നവലിബറൽ വ്യവസ്ഥയുടെ ഉദയവും , ഉത്തരാധുനികതയുടെ സ്വാധീനവും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ലോകമെമ്പാടുമുള്ള കറുത്തവരുടെ പോരാട്ടങ്ങളും ഈ ദളിത് മുന്നേറ്റത്തിന് ആവേശമായി. ഇന്ത്യൻ സാമൂഹികാവസ്ഥയിൽ ചൂഷണത്തിന്റെ മുഖ്യരൂപം ജാതിപരമാണെന്നും, സവർണ്ണ ജാതി വിഭാഗങ്ങളുടെ സ്വാധീനത്തിലകപ്പെട്ട മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, ഇടതുപക്ഷമുൾപ്പെടെ, ജാതിയെ പരിഗണിച്ചില്ലെന്നുമുള്ള വിമർശനമാണ് പ്രധാനമായും ദളിത് പ്രസ്ഥാനങ്ങൾ ഉന്നയിച്ചത്. മാർക്സിസ്റ്റുകൾക്കെതിരായ വിമർശനം സൈദ്ധാന്തികപരം കൂടിയായിരുന്നു. ജാതിയെന്ന ഇന്ത്യൻ യാഥാർഥ്യത്തെ വിശദീകരിക്കാൻ വർഗ്ഗത്തിന് മുഖ്യ പ്രാധാന്യം നൽകുന്ന മാർക്സിസത്തിനു കഴിയില്ലെന്നായിരുന്നു മുഖ്യ വിമർശനം. എന്നാൽ ഇത്തരമൊരു വിമർശനത്തോട് ക്രിയാത്മകമായ സംവാദത്തിലേർപ്പെടാനും ജാതിവിരുദ്ധ പോരാട്ടങ്ങളുടെ സൈദ്ധാന്തിക തലത്തെ വേണ്ടവിധം വികസിപ്പിക്കാനും ഇന്ത്യൻ മാർക്സിസ്റ്റുകൾക്ക് കഴിഞ്ഞോയെന്നതും പരിശോധിക്കപ്പെടേണ്ടതാണ്.


വർഗ്ഗം  എന്നത് വരുമാനത്തിന്റെയോ, സാമൂഹിക പദവിയുടെയോ, അധികാര സ്ഥാനത്തിന്റെയോ അടിസ്ഥാനത്തിലല്ല മാർക്സ് വിഭാവനം ചെയ്തത്. മറിച്ച് അദ്ധ്വാന ശക്തിയുടെ വിനിയോഗവും അതിനെ നിയന്ത്രിക്കുന്ന ഉത്പാദനോപാദികളുടെ നിയന്ത്രണവും തമ്മിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. മേൽപ്പറഞ്ഞ വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ തന്നെ ആന്തരിക ശ്രേണികളും ഘടനകളും സാധ്യമാണുതാനും.  
വർഗ്ഗം, ജാതി, ലിംഗ പദവി തുടങ്ങി വിവിധങ്ങളായ ചൂഷണരൂപങ്ങൾ ഓരോ സാമൂഹിക വ്യവസ്ഥയിലും നിലനിൽക്കുന്നുണ്ട്. ഇതിൽ വർഗ്ഗചൂഷണത്തെ യാന്ത്രികമായി ഉയർത്തിപ്പിടിക്കുകയല്ല മാർക്സിസ്റ്റുകൾ ചെയ്യുന്നത്. മറിച്ച് ഓരോ സാമൂഹിക ഘടനയിലും വിവിധ തരത്തിലും തലത്തിലുമുള്ള ചൂഷണങ്ങളെ അതിന്റെ സമഗ്രതയിൽ വിലയിരുത്തുകയും ചൂഷണം സാധ്യമാക്കുന്ന വ്യവസ്ഥയെ വിശകലനം ചെയ്യുകയും അതിനെ മുറിച്ചു കടക്കാനുള്ള പദ്ധതികൾ മുന്നോട്ട് വെക്കുകയുമാണ് മാർക്സിസം ചെയ്യുന്നത്. ഓരോ സാമൂഹിക ഘടനയിലുമുള്ള പരിവർത്തനങ്ങളിൽ ജാതി,വർഗ്ഗ ബന്ധങ്ങൾ എങ്ങിനെ മാറുന്നുവെന്നതും മാർക്സിസ്റ്റുകളുടെ പരിഗണനാ വിഷയമാണ്.  ജാതി ചൂഷണമോ ശ്രേണീ ബദ്ധതയോ ആത്മനിഷ്ഠമായ സ്ഥായീരൂപങ്ങളല്ലെന്നും വ്യവസ്ഥാപരമാണെന്നും മുതലാളിത്ത വളർച്ചക്കനുസരിച്ച് ജാതിചൂഷണരൂപങ്ങൾ മാറുന്നുവെന്നുമുള്ള പാരികല്പനകൾ മാർക്സിസ്റ്റുകൾ മുന്നോട്ട് വെക്കുന്നു. അതുകൊണ്ട് 'ജാതി ഉന്മൂലനം' എന്ന പദ്ധതിയെ മുതലാളിത്ത വിമർശത്തിൽ നിന്നടർത്തി മാറ്റി വിശകലനം ചെയ്യാനോ സമീപിക്കാനോ സാധ്യമല്ല താനും. അതായത് മാർക്സിസ്റ്റുകളുടെ 'വർഗ്ഗ പ്രാമുഖ്യം' എല്ലാ ചൂഷണവിരുദ്ധ പോരാട്ടങ്ങളും ആത്യന്തികമായി ആ ചൂഷണം സാധ്യമാക്കുന്ന വ്യവസ്ഥക്കെതിരായ പോരാട്ടം കൂടിയാണെന്ന അർത്ഥത്തിലാണ് സമീപിക്കേണ്ടത്.

മുതലാളിത്തത്തെ സംബന്ധിച്ച പ്രബലമായ തെറ്റിദ്ധാരണകളിലൊന്ന് അത് മുതലാളിത്ത പൂർവ്വ സാമൂഹിക ഘടനകളെ തച്ചു തകർക്കുന്ന വിപ്ലവകരമായ ഒന്നാണെന്നാണ്. ലാഭം പ്രവാചകനും മിശിഹായുമായ ഒരു വ്യവസ്ഥ സാമൂഹിക വിപ്ലവ ധർമ്മം നിർവഹിക്കുമെന്നത് അമിത പ്രതീക്ഷയാണ്. ഇന്ത്യയിലാകട്ടെ മുതലാളിത്ത ചൂഷണത്തെ പ്രത്യക്ഷമായി തന്നെ സഹായിക്കും വിധം നിലനിന്നിരുന്ന ശ്രേണീബദ്ധമായ ജാതി വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് മുതലാളിത്തം ചെയ്തത്. മുതലാളിത്ത പൂർവ്വ സാമൂഹികാവസ്ഥയിലെ സവിശേഷാവകാശങ്ങളെ മുതലാളിത്ത വ്യവസ്ഥയിലേക്കും വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ സവർണ്ണ ജനവിഭാഗങ്ങൾക്ക് ഇതിലൂടെ സാധിച്ചു. ജനസംഖ്യയിൽ 2.7 % മാത്രം വരുന്ന വൈശ്യർ ഇന്ത്യൻ മുതലാളിത്തത്തിലെ നിർണ്ണായകമായ വിഭാഗമായത് ഇങ്ങനെയാണ് (അംബാനി, അദാനി, ജിൻഡാൽ, സാംഗ്‌വി, ബിർള തുടങ്ങി നിരവധി ഉദാഹരണങ്ങൾ). 6.4% മാത്രം വരുന്ന ബ്രാഹ്മണർ ഇന്ത്യയിലെ ഉപരി ഘടനാ സർക്കാർ ജോലികളുടെ മഹാ ഭൂരിപക്ഷവും കൈയ്യടക്കിയതും ഈ തുടർച്ചയിലൂടെ തന്നെയാണ്. കൊളോണിയൽ നീതിവ്യവസ്ഥയും മധ്യകാല ആശയ സംഹിതകളും ചേർന്ന സവിശേഷമായ വർഗ്ഗ ബന്ധങ്ങളാണ് ഇന്ത്യയിൽ രൂപപ്പെട്ടതെന്നർഥം. പിന്നോക്ക ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥയിൽ നേരിയ മാറ്റമെങ്കിലും വരുത്താൻ ശേഷിയുണ്ടായിരുന്ന ഭരണഘടനാ ഉപാധികളാകട്ടെ ബോധപൂർവ്വം തകർക്കപ്പെടുകയും ചെയ്തു. ഇങ്ങനെ പരമ്പരാഗത ജാതി മര്യാദകളുടെ ഭാഗമായി അടിച്ചേല്പിക്കപ്പെട്ട പിന്നോക്കാവസ്ഥയും കൂലിവേല മാത്രം സാധ്യമാക്കിയ മുതലാളിത്ത സാമൂഹികാവസ്ഥയും ചേർന്ന് ദളിതരെ ഒരു സ്ഥിരം ചൂഷിത വർഗ്ഗമായി നിലനിർത്തി.