പണിപ്പുരകളുടെ പുതിയ സാധ്യതകൾ...

Mar 20, 2017 06:30 PM

കേരള സാഹിത്യ അക്കാദമിയും വെസ്റ്റ് കൊരട്ടി ജ്ഞാനോദയം വായനശാലയും മൂഴിക്കുളം ശാലയും സംയുക്തമായി ജനാവിഷകാര വെബ്‌ പോർട്ടലിനായി മൂഴിക്കുളം ശാലയിൽ  സംഘടിപ്പിച്ച ത്രിദിന പണിപ്പുരയിൽ  മാർച്ച് 24,25,26 തീയ്യതികളിൽ അറുപതോളം കൂട്ടുകാർക്കൊപ്പം പങ്കെടുത്തു.

മുൻപ് ചില പണിപ്പുരകളിൽ പങ്കെടുത്തതിൽ  ക്യാമ്പിൽ പലരും വന്നു പലവിധ സെമിനാറുകൾ അവതരിപ്പിക്കുകയും ക്ലാസുകൾ എടുക്കുകയും പിരിഞ്ഞു പോവുകയുമാണ് സംഭവിക്കാറുള്ളത്.
അതിൽ നിന്നും വളരെ വ്യത്യസ്തമായി ഈ പണിപ്പുര പ്രതിനിധികളുടെ പ്രതിനിധാനത്തിനും അഭിപ്രായങ്ങൾക്കും ചർച്ചയ്ക്കും പ്രാമുഖ്യം നൽകി ഉള്ളതായിരുന്നു. ജനാവിഷ്കാര എന്ന വെബ്‌  പോർട്ടലിന്റെ ഉദ്ദേശങ്ങളും സാധ്യതകളും പ്രതിനിധികൾക്ക് മനസിലാക്കി തരാൻ ആദ്യദിനം പകുതിവരെ സമീപനരേഖ അവതരിപ്പിച്ചവരും പാനൽ ചർച്ച നയിച്ചവരും എടുത്തു എന്നതൊഴിച്ചാൽ ബാക്കി പണിപ്പുരയുടെ മുഴുവൻ സമയവും പ്രതിനിധികളുടേതായിരുന്നു, അവരുടെ നിർദ്ദേശങ്ങളുടെയും അഭിപ്രായങ്ങളുടേതുമായിരുന്നു.

പണിപ്പുര ഉദ്ഘാടനം ചെയ്തത് പി. സായ്നാഥാണ്. മഗ്‌സസെ അവാർഡു ജേതാവും ഹിന്ദുവിന്റെ മുൻ റൂറൽ  അഫയേഴ്സ് എഡിറ്ററും ഇപ്പോൾ പാരി (പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ) സാരഥിയുമായ അദ്ദേഹം ജനാവിഷ്കാര വെബ്‌ പോർട്ടൽ എവ്വിധമാണ് ജനങ്ങളിലേക്കിറങ്ങി മാധ്യമ പ്രവർത്തനം നടത്തേണ്ടത് എന്ന് വിശദീകരിച്ചു.  മാധ്യമങ്ങളുടെ കോർപ്പറേറ്റ് വത്കരണ കാലത്ത് ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ അവരാൽ തന്നെ അവതരിപ്പിക്കുന്ന മാധ്യമ സംസ്കാരത്തിന്റെ പുതിയ ഒരു സൈബർ ഇടം സൃഷ്ടിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റി അദ്ദേഹം സംസാരിച്ചു.

എന്തായിരിക്കും ജനാവിഷ്കാര വെബ്‌ പോർട്ടലിന്റെ ഉള്ളടക്കം, മറ്റു പോർട്ടലുകളിൽ നിന്ന് നമ്മൾ എങ്ങനെ വ്യത്യസ്തരാവണം എന്നിങ്ങനെയുള്ള ആശങ്കകൾ മറികടക്കാനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എത്രമാത്രം ജന കേന്ദ്രീകൃതമായിരിക്കണം എന്നുമുള്ള ബോധ്യങ്ങളെ പറ്റി  പ്രതിനിധികൾക്ക് ആദ്യ മണിക്കൂറിൽ തന്നെ അവബോധം സൃഷ്ടിക്കാൻ സായ്‌നാഥിന് കഴിഞ്ഞു. പിന്നീട് സാങ്കേതികമായ ഇതിന്റെ നടത്തിപ്പിന്റെ സാധ്യതകളെ മാറ്റി നിർത്തിയാൽ ആശയപരമായി എങ്ങനെയാണ് പോർട്ടലിനെ സമീപിക്കേണ്ടതെന്നും ആ തരത്തിൽ മറ്റു സെഷനുകളെ പണിപ്പുരയിൽ എത്തരത്തിൽ സംവാദാത്മകമാക്കാമെന്നും ഉള്ള പൊതു ധാരണ ഞാനടക്കം എല്ലാ പ്രതിനിധികൾക്കും ലഭിച്ചു.